ആദ്യത്തെ കൊലപാതകം
മരണം മണക്കുന്ന ആ കുടുസ്സു മുറിയുടെ മൂലയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ദേഹത്തു തെറിച്ച ചോര ഉണങ്ങിത്തുടങ്ങിയിരുന്നു. ചുമരിലെ വിള്ളലുകളിൽ അവളുടെ പിടച്ചിലിന്റെ ശബ്ദം തങ്ങിനിൽപ്പുണ്ടോ എന്നു ഒരു നിമിഷം കാതോർത്തു. കേൾക്കാനില്ല. ജീവനെടുക്കുന്നത് നിസ്സാരമാണെന്നു ബീഡിമണം കട്ടപിടിച്ച വാക്കുകളിലൂടെ പറഞ്ഞതു സലാമാണ്.മുഖത്തമർത്തിപ്പിടിച്ച് പുറകോട്ടു വളച്ച കഴുത്തിനു കുറുകെ മൂർച്ചയുള്ള കത്തി കൊണ്ട് അമർത്തിയൊരു വര.ജീവനും മരണത്തിനും ഇടയ്ക്കുളള അതിർത്തി വര.അപ്പോൾ ചോര കുതിച്ചൊഴുകും.ഇടനെഞ്ചിൽ നിന്നുയരുന്ന ഓരോ നിലവിളിയും മുറിഞ്ഞ ശ്വാസനാളത്തിലൂടെ കാറ്റു മാത്രമായി പുറത്തു വരും.തുറന്നു കിട്ടിയ വാതിലിലൂടെ പുറത്തേക്കു കുതിക്കാൻ ഒരുമ്പെടുന്ന പ്രാണനെ ശരീരം കടന്നു പിടിക്കും.പിന്നെ ഒരു മൽപ്പിടുത്തമാണ്. പിടച്ചിലുകൾ.. ഒടുക്കം ദേഹത്തിന്റെ ഒടുവിലത്തെ പിടിയും വിടുവിച്ച് അവസാന ശ്വാസത്തിനൊപ്പം പ്രാണൻ പടിയിറങ്ങുമ്പോഴേക്കും പിടച്ചിൽ നിന്നിരിക്കും. വളരെ എളുപ്പം. എന്നിട്ടും കൈ വല്ലാതെ വിറച്ചു.നെഞ്ച് വല്ലാതെ പിടച്ചു. ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.സലാമിന്റെ കൂടെയുള്ള ഒരോ നിമിഷവും ഞാനിതു ഭാവനയി...