Posts

Showing posts from 2019

ഏലിയാമ്മയുടെ സ്വപ്‌നം

ഏലിയാമ്മയ്ക്ക് ഒൻപതു മക്കളാണ്. ഏലിയാമ്മ ചാക്കോ പുത്തൻപുരക്കൽ. പുള്ളിക്കാരി അങ്ങനെയേ പേരു പറയൂ. വയസ്സ് എഴുപത്തിയഞ്ച്. വയസ്സൊക്കെ ഒരു സങ്കല്പമാണ്. മക്കളുടെ കണക്കിൽ എൺപതു കഴിഞ്ഞു. പക്ഷേ എഴുപത്തിയഞ്ചാണെന്നു ഏലിയാമ്മ തീർത്തു പറയും. "പതിനെട്ടു വയസ്സിലല്ലേ ഞാൻ ഉണ്ടായേ? എനിക്കിപ്പോ അറുപത്തിമൂന്നായി. പിന്നെങ്ങനെയാ അമ്മച്ചിക്ക് എഴുപത്തിയഞ്ച്?" മൂത്തമകൻ വിൻസെന്റിന്റെ യുക്തിയൊക്കെ "നീ പോടാ" എന്നു തൂത്തെറിയും ഏലിയാമ്മ. മെല്ലിച്ചു ചുളിഞ്ഞ ദേഹവും, നര കയറിയ മുടിയുമായി കൂനിക്കൂടി ഇരിക്കുമെങ്കിലും ആളു ചില്ലറക്കാരിയല്ല. ഒരായുസ്സു മുഴുവൻ ജീവിതത്തോടു മല്ലുപിടിച്ചു ജയിച്ചവളാണു ഏലിയാമ്മ. നല്ല ഒന്നാംതരം ചൊങ്കത്തി. കെട്ടിയോൻ ചാക്കോമാപ്പിള മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളുപ്പാൻകാലത്ത് ഒറ്റ പോക്കങ്ങു പോയി. ഏലിയാമ്മ പക്ഷേ തളർന്നില്ല. പറക്കമുറ്റാത്ത ഒൻപത് മക്കളെയും നെഞ്ചോടടുക്കി ഒരൊറ്റ ജീവിതമങ്ങു ജീവിച്ചു. എല്ലാവരെയും പഠിപ്പിച്ച് ഓരോ നിലയ്ക്കാക്കി, ഒറ്റ പൈസ പോലും ആരോടും കടം വാങ്ങാതെ. വർഷങ്ങൾ നീണ്ട ആ പോരിന്റെ ശേഷിപ്പുകളാണ് നരയായും ചുളിവായും ഏലിയാമ്മയുടെ ദേഹമത്രയും. "ഡോക്ടറെ, എനിക്കൊന്നു

കള്ളന്റെ പട്ടി

കള്ളന്റെ പട്ടിയുടെ ഇടത്തേ തുടയിൽ ഉണങ്ങാത്ത ഒരു വ്രണമുണ്ടായിരുന്നു. അതിനു ചുറ്റും സദാസമയം ഈച്ചകൾ മൂളക്കത്തോടെ കൂട്ടമായി പറക്കും. പ്രായം ചെന്ന് പട്ടിയുടെ രോമങ്ങൾ മിക്കവാറും കൊഴിഞ്ഞിരുന്നു. അമ്പലത്തിനു തെക്കേവശത്തുള്ള വെറുംപറമ്പിലാണ് കള്ളനും പട്ടിയും കിടന്നിരുന്നത്. കള്ളനെന്ന പേരല്ലാതെ അയാൾ ഒരു മോഷണം നടത്തിയിട്ടു കാലങ്ങളായി. അമ്പലത്തിനുള്ളിലെ ശ്രീകോവിലിലാണ് ദൈവം പാർത്തിരുന്നത്. ബലമേറിയ കല്ലും, കരിവീട്ടിയുടെ കാമ്പും കൊണ്ടുണ്ടാക്കിയ ശ്രീകോവിൽ മൊത്തം തങ്കം പൊതിഞ്ഞിരുന്നു. ഏഴാന പിടിച്ചാൽ പൊളിയാത്ത വാതിലിനും, എഴുപതു  കള്ളന്മാർ നോക്കിയും തുറക്കാത്ത പൂട്ടിനുമുള്ളിൽ ദൈവം സുരക്ഷിതനായിരുന്നു.  കള്ളന്റെ പട്ടിക്കൊരു സ്വഭാവമുണ്ട്. പാതിരാത്രി വരെ നിർത്താതെ മാനം നോക്കി ഓരിയിടും. ഇതു പതിവായപ്പോൾ ദൈവത്തിന്റെ ഉറക്കം ശല്യപ്പെടുമെന്നു ഭയന്ന് പൂജാരിയും ഭക്തരും കള്ളനെയും പട്ടിയെയും ആട്ടിയോടിച്ചു. ദൈവത്തിനാവട്ടെ, പട്ടിയുടെ ഓരിയില്ലാതെ ഉറക്കം വരില്ലായിരുന്നു. ഉറക്കം കിട്ടാതെ വലഞ്ഞ് അവസാനം ദൈവം പട്ടിയെ  അന്വേഷിച്ച് ശ്രീകോവിലിൽ നിന്നിറങ്ങിപ്പോയി. പട്ടിയെ കണ്ടെത്തി അമ്പലത്തിലേക്കു വരാൻ ആവശ്യപ്പെട്ടു. യജമാനനായ കള

മോഹം

രാത്രികളിനിയും വരും. കറുത്തും, തുടുത്തും വരും. നിലാവു വരും, നക്ഷത്രങ്ങളും വരും. ഉഷ്ണവും, കുളിരും, വെയിലും, നിഴലും, നനവും, നിറവും വരും. നമ്മളിനിയും മാനം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ കൂട്ടിച്ചേർത്തിട്ടൊരു നൂറു ചിത്രങ്ങൾ മനസ്സിലും, മാനത്തും കോറിയിടും. വെയിലിൽ ആവിയായി, കാറ്റിൽ ഗന്ധമായി അലയും. എനിക്കറിയാം. നാളെ നിൻ പട്ടടത്തീയണയും മുന്നേ, ചുറ്റുമുള്ള കണ്ണുകളിലുടക്കാതെ കുതറി, ഓടി ഞാൻ വരും. എരിതീയിനുള്ളിൽ ആരോരുമറിയാതെ നമ്മൾ പൊട്ടിച്ചിരിക്കും, കെട്ടിപ്പിടിക്കും. എനിക്കറിയാം. എങ്കിലും, ചേതനയില്ലെങ്കിലും, ഞാനൊരുപാടു ചുംബിച്ച നിന്റെ ദേഹത്ത് ഒരല്പനേരം കൂടി തലചായ്ച്ചിരിക്കാൻ, അതിനായി മാത്രം, ഈ ആസ്പത്രി വാർഡിലെ ക്ലോക്കിന്റെ  സൂചികൾ തെല്ലൊന്നു പതുക്കെ ചലിച്ചെങ്കിൽ!!! വെറുതെ ഒരു മോഹം മാത്രം.