ദുഷ്ടൻ!
"ഓൾ ഐ വാണ സേ ഈസ് ദാറ്റ് ദേ ഡോണ്ട് റിയലി കെയർ അബൗട്ട് അസ്!" പതിവില്ലാതെ ഉറക്കമുണർത്തിയതു മൈക്കിൾ ജാക്സണ്‍. മരിച്ചു വർഷമിത്രയായിട്ടും ഈ മനുഷ്യന്റെ ശല്യം തീർന്നില്ലല്ലോ ദൈവമേ എന്നു പ്രാകിക്കൊണ്ടാണ് എഴുന്നേറ്റത്. "അതിന്റെ ഒച്ച ഒന്നു കുറച്ചു വെക്കടാ കോപ്പേ !!" "അയ്യോ സോറി അളിയാ! നിന്റെ ഉറക്കം പോയോ?" നിങ്ങൾ അവസാനം കേട്ട ആ ശബ്ദത്തിന്റെ ഉടമ എന്റെ റൂംമേറ്റ് ആണ്. പേര് ഫ്രാങ്കോ. അലവലാതിയാണ്. പോരാത്തതിനു ഫ്രീക്കനും. പക്ഷേ നിർഭാഗ്യവശാൽ, പെണ്ണുങ്ങളെ മയക്കാൻ വേണ്ട ഗ്ലാമർ, പാട്ട്, ചിത്രംവര തുടങ്ങിയ ഉടായിപ്പുകളൊക്കെ കയ്യിലുണ്ട്. പക്ഷേ ജീവിതത്തിലിന്നു വരെ സൂര്യോദയം കണ്ടിട്ടില്ലാത്ത ഇവൻ ഇൗ കൊച്ചുവെളുപ്പാൻകാലത്ത് കുളിച്ചു റെഡിയായി നിൽക്കുന്നതെന്തിനാണാവോ? "അളിയാ, കോടമ്പാക്കത്തുള്ള ഒരു സ്വർണ്ണക്കടക്കാരൻ ഞങ്ങടെ ആൽബം സ്പോണ്‍സർ ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. അങ്ങേരെ എട്ടു മണിക്കു പോയി കാണണം." അപ്പൊ അതാണു കാര്യം. ഇവനും മറ്റു കുറേ അലവലാതികളും ചേർന്ന് 'ഔട്ട്‌സ്പോക്കൻ' എന്നൊരു ബാൻഡ്...