ഏലിയാമ്മയുടെ സ്വപ്‌നം

ഏലിയാമ്മയ്ക്ക് ഒൻപതു മക്കളാണ്.

ഏലിയാമ്മ ചാക്കോ പുത്തൻപുരക്കൽ. പുള്ളിക്കാരി അങ്ങനെയേ പേരു പറയൂ. വയസ്സ് എഴുപത്തിയഞ്ച്. വയസ്സൊക്കെ ഒരു സങ്കല്പമാണ്. മക്കളുടെ കണക്കിൽ എൺപതു കഴിഞ്ഞു. പക്ഷേ എഴുപത്തിയഞ്ചാണെന്നു ഏലിയാമ്മ തീർത്തു പറയും.

"പതിനെട്ടു വയസ്സിലല്ലേ ഞാൻ ഉണ്ടായേ? എനിക്കിപ്പോ അറുപത്തിമൂന്നായി. പിന്നെങ്ങനെയാ അമ്മച്ചിക്ക് എഴുപത്തിയഞ്ച്?" മൂത്തമകൻ വിൻസെന്റിന്റെ യുക്തിയൊക്കെ "നീ പോടാ" എന്നു തൂത്തെറിയും ഏലിയാമ്മ.

മെല്ലിച്ചു ചുളിഞ്ഞ ദേഹവും, നര കയറിയ മുടിയുമായി കൂനിക്കൂടി ഇരിക്കുമെങ്കിലും ആളു ചില്ലറക്കാരിയല്ല. ഒരായുസ്സു മുഴുവൻ ജീവിതത്തോടു മല്ലുപിടിച്ചു ജയിച്ചവളാണു ഏലിയാമ്മ. നല്ല ഒന്നാംതരം ചൊങ്കത്തി. കെട്ടിയോൻ ചാക്കോമാപ്പിള മുപ്പത്തഞ്ചു വർഷം മുമ്പ് ഒരു വെളുപ്പാൻകാലത്ത് ഒറ്റ പോക്കങ്ങു പോയി. ഏലിയാമ്മ പക്ഷേ തളർന്നില്ല. പറക്കമുറ്റാത്ത ഒൻപത് മക്കളെയും നെഞ്ചോടടുക്കി ഒരൊറ്റ ജീവിതമങ്ങു ജീവിച്ചു. എല്ലാവരെയും പഠിപ്പിച്ച് ഓരോ നിലയ്ക്കാക്കി, ഒറ്റ പൈസ പോലും ആരോടും കടം വാങ്ങാതെ. വർഷങ്ങൾ നീണ്ട ആ പോരിന്റെ ശേഷിപ്പുകളാണ് നരയായും ചുളിവായും ഏലിയാമ്മയുടെ ദേഹമത്രയും.

"ഡോക്ടറെ, എനിക്കൊന്നു വിമാനത്തിൽ കേറണം. ആ ഒരു ആഗ്രഹം മാത്രേ ബാക്കിയുള്ളൂ."
കുടലിലെ കാൻസർ ദേഹം മൊത്തം പടർന്നു എന്നറിഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ്‌ തെല്ലും കുലുങ്ങാതെ, ഒരു ചിരിയോടെ, ഏലിയാമ്മ പറഞ്ഞത്‌.

വിമാനപ്പൂതി മനസിൽ കയറിയതെന്നാണെന്നു അറിയില്ലെങ്കിലും കുട്ടിക്കാലത്തെപ്പോഴോ വിമാനത്തിൽ കയറണമെന്ന് അപ്പനോടു പറഞ്ഞത്‌ ഏലിയാമ്മക്കോർമ്മയുണ്ട്. വയറിലെ തീയണയ്ക്കാൻ കഞ്ഞിവെള്ളം പോലും ആഡംബരമായവരുടെ സ്വപ്നങ്ങൾക്കും ഒരുപാടു മേലെയാണ് വിമാനങ്ങൾ പറക്കുന്നതെന്ന് അന്ന് ഏലിയാമ്മയ്ക്കറിയില്ലായിരുന്നു. പിന്നീടങ്ങോട്ട് ഉപജീവനം, മക്കളുടെ പഠനം, വിവാഹം അങ്ങനെ പലതും ഏലിയാമ്മയുടെ ആകാശസ്വപ്നത്തെ ചവിട്ടിമെതിച്ചു കടന്നുപോയി.

ഇന്ന് ഏലിയാമ്മയുടെ മക്കളിൽ മൂന്നു പേർ വിദേശത്താണ്. എന്നിട്ടും വിമാനത്തിൽ കയറാത്തതെന്തേ എന്നു ചോദിച്ചില്ല.

പോകാൻ നേരം ഏലിയാമ്മ പറഞ്ഞു:
"ഞാൻ വിമാനത്തിൽ കയറും ഡോക്ടറെ. ആരുടേം സഹായമില്ലാതെ."

"എനിക്കൊന്നു വിമാനത്തിൽ കയറണം."

മാസങ്ങൾക്കു ശേഷം, ബോധത്തിനും ഉറക്കത്തിനുമിടയിലുള്ള ഒരു നിമിഷത്തിലാണ് ഏലിയാമ്മ വീണ്ടുമത് പറഞ്ഞത്. കയ്യിലെ ചുളിഞ്ഞ തൊലിക്കടിയിൽ നിമിഷംതോറും നേർത്തുവരുന്ന മിടിപ്പുകൾ തൊട്ടറിയവേ ഞാനതു കേട്ടു.

അന്നു വൈകുന്നേരം ഏലിയാമ്മ മരിച്ചു.

മരണം ഉറപ്പുവരുത്തി കണ്ണുകൾ അടച്ചതിനു ശേഷമാണ് ഏലിയാമ്മയുടെ കൈകൾക്കടിയിൽ ഒതുക്കിവച്ചിരുന്ന ചിറകുകൾ ഞാൻ ശ്രദ്ധിച്ചത്. എന്നെ നോക്കി ഒന്നു കണ്ണിറുക്കിച്ചിരിച്ച്, വട്ടംകൂടി നില്ക്കുന്ന നിലവിളികൾക്കിടയിലൂടെ നുഴഞ്ഞു, ഏലിയാമ്മ ചാക്കോ പുത്തൻപുരക്കൽ ഒറ്റക്കുതിക്കു പേവാർഡ്  റൂമിനു പുറത്തെത്തി. ആസ്പത്രിവരാന്തയിൽ കൂടി നിലം തൊടാതെ ഓടി, മുറ്റത്തെത്തി ചിറകൊന്നു വിരിച്ചൊതുക്കി മുകളിലേക്കു കുതിച്ചു. മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ട്, ചിറകിൽ തങ്ങിയ വെള്ളത്തുള്ളികൾ കുടഞ്ഞു കളഞ്ഞ്, മേഘപ്പരപ്പുകൾക്കും മുകളിൽ ചിറകടിച്ചുയർന്നു, റാകിപ്പറന്നു. അന്തിവെളിച്ചത്തിൽ സ്വർണ്ണച്ചിറകുകൾ വെട്ടിത്തിളങ്ങി.

മതിയാവോളം പറന്നു നടന്ന്, തനിക്കായി കാത്തിരിക്കുന്ന സ്വർണ്ണം പതിച്ച ശവപ്പെട്ടിക്കും, മാർബിൾ കല്ലറയ്ക്കും പിടികൊടുക്കാതെ, ആകാശം പിളർന്ന് ഏലിയാമ്മ പറന്നു പറന്നു പോയി.

Comments

  1. ഡോക്ടറെ ..ഇത് വഴിയാണ്
    എഴുതുന്നത് അറിയില്ലായിരുന്നു
    ഇനി സ്ഥിരം വരാം.പിന്നെ വന്ന് വായിക്കാം.
    ഇപ്പൊ നമ്മുടെ കോളാമ്പി സുധിയും ആദിയും കൂടെ ഒരു ആഗ്രഗേറ്റർ ഉണ്ടാകുന്നുണ്ട് അതിന് ലിങ്ക് വേട്ടക്കിറങ്ങിയതാ

    ReplyDelete
  2. ജുവൽ
    ഇപ്പഴും ഓർമ്മയുണ്ട്
    പെറ്റിക്കോട്ട്
    എന്ന് മറുപടി പറഞ്ഞ ആ പെണ്കുട്ടിയുടെ കഥ.
    അത്ര രസായിട്ടാഡോ താൻ കഥ പറഞ്ഞു പോകുന്നത്.
    ഏലിയാമ്മയുടെ ആകാശം പിളർന്നുള്ള പറക്കൽ ഇനി മറക്കില്ല.


    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47