പണ്ടു പണ്ടൊരു ഞാൻ ഉണ്ടായിരുന്നു. ഉരുളകളാക്കിയ കുത്തരിച്ചോറിൽ അമ്മക്കയ്യുടെ ചൂടും കഥയുടെ നെയ്ച്ചുവയുമുണ്ടെങ്കിൽ മാത്രം ഉണ്ടിരുന്ന ഞാൻ. അച്ഛന്റെ നെഞ്ചിലെ വാത്സല്യതാളത്തിനു ചെവിയോർത്ത്,കഥ പുതച്ചുറങ്ങിയിരുന്ന ഞാൻ. നീലൂരകത്തിന്റെ കമ്പ് വളച്ചുണ്ടാക്കിയ ഖാണ്ഡീവത്തിൽ,കുറ്റിച്ചൂലിൽ നിന്നും ഊരിയെടുത്ത ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും തൊടുത്ത്,വാഴക്കൂട്ടങ്ങളോട് പോരാടി സദാ വിജയശ്രീലാളിതനായിരുന്ന ഞാൻ. തുറന്നു വച്ച ടാപ്പിന്റെ പശ്ചാത്തലസംഗീതത്തിൽ,സോപ്പുപത കൊണ്ടു മുഖമെഴുതി,ഭീഷ്മരായും, അർജ്ജുനനായും,സിൻബാദായും കുളിമുറിയിൽ അരങ്ങു തകർത്തിരുന്ന ഞാൻ. കഥകളെ സ്നേഹിച്ചിരുന്ന,എഴുതാൻ മോഹിച്ചിരുന്ന ഞാൻ. നിസ്സംഗതയുടെ വെള്ള കോട്ടിലെ മരുന്നുമണത്തിലും,അന്യനാടിന്റെ അപരിചിതത്വത്തിലും ശ്വാസം മുട്ടി,എന്റെ അവഗണനയിലും അവിശ്വസ്തതയിലും ഉള്ളു നീറി ഒരു നേർത്ത തുടിപ്പു മാത്രമായെങ്കിലും,ഇനിയും മരിക്കാത്ത ആ എനിക്കു വേണ്ടി...