കുഞ്ഞൻ


സെൽ ഫോണിന്റെ കരച്ചിലാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് .

"ഇന്ന് താമസിക്കോ?"

അമ്മയാണ്.സമയമായിട്ടും കാണാത്തതു കൊണ്ടാവും.

"ഇല്ല,ഉടനെ വരാം ."

നെൽപ്പാടങ്ങൾക്കരികിലുള്ള കുളത്തിന്റെ കരയിൽ പതിവില്ലാതെ കുറച്ചു നേരം നിൽക്കാൻ തോന്നാൻ ഒരു കാരണമുണ്ട്.

വളരെ നാളുകൾക്കു ശേഷം ഞാനിന്നു കുഞ്ഞനെ കണ്ടു.

കുഞ്ഞൻ എന്നതു അവന്റെ ശരിയായ പേരല്ല.ഓമനപ്പേരുമല്ല.പാറിപ്പറക്കുന്ന ചെമ്പൻ മുടിയും,വിടർന്ന കണ്ണുകളുമുള്ള നാലു വയസ്സുകാരനെ ആദ്യം കണ്ടപ്പോൾ പക്ഷേ എന്റെ മനസ്സിൽ തോന്നിയ പേരതാണ്.

കുഞ്ഞൻ.

ഞാനവനെ ഒരിക്കലും അങ്ങനെ വിളിച്ചിട്ടില്ലെങ്കിലും.

ഞാൻ അവന്റെ ആരുമല്ല.അവനോടൊന്നും മിണ്ടിയിട്ടില്ല.അവനു മിഠായി വാങ്ങിക്കൊടുത്തിട്ടില്ല.അവന്റെ നുണക്കുഴികളിൽ തൊട്ടിട്ടില്ല.

പക്ഷേ കുറേ നാളുകൾ അവൻ എന്റെ പ്രഭാതങ്ങളുടെ സുഗന്ധമായിരുന്നു.

         മെയിൻ റോഡിലെ തിരക്കും,മൂന്നു കിലോമീറ്റർ ദൂരക്കുറവിന്റെ പ്രലോഭനവുമാണ് ദിവസേനയുള്ള മെഡിക്കൽ കോളേജ് യാത്രകൾ ഈ വഴിയാക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.റോഡിനു വീതി കുറവാണെങ്കിലും സ്കൂട്ടറിൽ സുഖമായി പോവാം.വഴിക്കിരുവശവും നെൽപ്പാടങ്ങളുണ്ട്.അവിടെ ഇടയ്ക്കു വിരുന്നുകാരായി മയിലുകളുണ്ട്.കൊച്ചു വീടുകളും ഉച്ചത്തിലുള്ള ജീവിതങ്ങളുമുണ്ട്. ബാബുവേട്ടന്റെ ചായക്കടയിൽ നിന്നുയരുന്ന മസാല മണമുണ്ട്.

പച്ചപ്പും ജീവിതവും കണ്ടുകൊണ്ടുള്ള യാത്രകൾ.

കുടുക്കു പൊട്ടി ഊർന്നു പോകുന്ന ട്രൗസർ തെരു തെരെ വലിച്ചു കയറ്റി,വഴിയിലൂടെ പോകുന്ന എല്ലാ വണ്ടികളെയും പെരുവിരലിലൂന്നി നിന്നു കൈ വീശിക്കാണിക്കുന്ന അവനെ ആദ്യം കണ്ടത് അവയിലേതിലാണ്?
ഓർക്കുന്നില്ല.

അവന്റെ ഉണ്ടക്കണ്ണുകളിൽ വെയിലത്തെ വെള്ളാരങ്കല്ലു പോലെ വെട്ടിത്തിളങ്ങിയിരുന്ന കൗതുകം പക്ഷേ ഓർമ്മയുണ്ട്.
അതിന്റെ ശേഷിപ്പുകളായി മുറിപ്പാടുകളും പോറലുകളും അവന്റെ കാലുകളിലും കൈമുട്ടുകളിലും അഭിമാനപുരസ്സരം വിരാജിച്ചിരുന്നു.

വണ്ടി നിർത്തി കൈ വീശിയപ്പോൾ ആദ്യമായി കിട്ടിയ പ്രത്യഭിവാദനത്തിൽ അവൻ അമ്പരന്നു.പിന്നെ അമ്പരപ്പ് നാണമായും,ഒരു വിടർന്ന ചിരിയായും മാറി.

അവിടുന്നങ്ങോട്ട് എന്നും രാവിലെ വീടിനു മുന്നിൽ അവൻ എന്നെ കാത്തു നിന്നു.മിഠായിക്കൊതി കാർന്നുതിന്ന പല്ലുകളുടെ അവശിഷ്ടങ്ങൾ കാട്ടി കിലുകിലെ ചിരിച്ചുകൊണ്ട് എന്നെ കൈവീശിക്കാണിക്കുവാൻ.

എന്റെ പ്രഭാതങ്ങളിൽ സുഗന്ധം നിറയ്ക്കുവാൻ.

പിന്നെയൊരു ദിവസം അവനെ കാണാതായി.

എങ്ങോട്ടെങ്കിലും പോയിക്കാണുമോ?എന്തെങ്കിലും അസുഖം?അമ്മ വഴക്കു പറഞ്ഞിരിക്കുമോ?

പിറ്റേന്നും കണ്ടില്ല.

പിന്നെ അവനെ കണ്ടതേയില്ല.

അന്വേഷിച്ചില്ല.ആരോടന്വേഷിക്കാൻ?
അവന്റെ പേരു പോലും എനിക്കറിയില്ല.
എങ്കിലും,അവന്റെ വീടിനു മുന്നിലൂടെയുള്ള ഓരോ യാത്രയിലും എന്റെ കണ്ണുകൾ അവനെ തേടിക്കൊണ്ടിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞുവീഴേ,മയിൽപ്പീലികളും,മഞ്ചാടിക്കുരുക്കളും,വളപ്പൊട്ടുകളും നിറച്ച മറവിയുടെ പെട്ടിയിലേക്ക് ഞാൻ അവനെയും എടുത്തു വച്ചു.

            പക്ഷേ കുറേ നാളുകൾക്കിപ്പുറം,പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങിയ ഇന്ന്,കുഞ്ഞനെ ഞാൻ വീണ്ടും കണ്ടു.

അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ യൂണിഫോമിൽ.പാറിപ്പറന്നിരുന്ന മുടി എണ്ണ തേച്ചു ചീകിയിരിക്കുന്നു.ധൃതിയിൽ മുഖത്തിട്ട പൗഡർ പലേടത്തും കട്ട പിടിച്ചിട്ടുണ്ട്.
അവൻ എന്നെ നോക്കി ചിരിച്ചു.കൈ വീശി.
പക്ഷേ അവന്റെ കണ്ണുകളിൽ തിളങ്ങുന്ന കൗതുകമില്ല. നുണക്കുഴികളിൽ കുസൃതിയില്ല.പകരം തളം കെട്ടിയ വിഷാദം.

ഒരു കുഞ്ഞുറുമ്പിനെ പോലെ എന്നിൽ നിന്നും നടന്നകലുന്ന അവനെ ഞാൻ തിരിഞ്ഞു നോക്കി.

അവന്റെ ജിജ്ഞാസയ്ക്ക്  ഇനി സിലബസിന്റെ അതിർത്തികൾ ഉണ്ടാവും.ഹോംവർക്കും അസൈന്മെന്റും അവന്റെ സായാഹ്നങ്ങളുടെ മേൽ നുകങ്ങൾ വയ്ക്കും. അവന്റെ പ്രഭാതങ്ങൾ പരക്കം പാച്ചിലുകളാവും.നാലു വർഷം കൂടി കഴിഞ്ഞാൽ,നിലവാരം വർദ്ധിപ്പിക്കാൻ മൂന്നാം ക്ലാസ്സു മുതൽ മലയാളം നിരോധിച്ച സ്കൂളിൽ മാതൃഭാഷ അവനു വിലക്കപ്പെട്ട കനിയായിരിക്കും.

അവന്റെ ചുമലിൽ തൂങ്ങുന്ന നീല 'സ്കൂബീ ഡേ' ബാഗിൽ, പുസ്തകങ്ങൾക്കും ചോറ്റുപാത്രത്തിനുമൊപ്പം ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും കുത്തിനിറച്ചിട്ടുണ്ട്.

അതിന്റെ ഭാരത്തിൽ അവന്റെ കുഞ്ഞിക്കാലുകൾ ഇടറാതിരിക്കട്ടെ.

ഞാൻ വണ്ടിയുടെ അടുത്തേക്കു നടന്നു.

Comments

  1. ഡോക്ടര്‍ ആശംസകള്‍

    ReplyDelete
  2. ജ്യൂവൽ ജീവിതത്തിൽ അനിവാര്യമായ കാര്യങ്ങൾ. അതിലെന്തിനിത്ര വിഷമിയ്ക്കുന്നു? മറ്റൊരു അവസാനം ആയിരുന്നു പ്രതീക്ഷിച്ചത്. ആ ഒരു ഇശ്ചാ ഭംഗം.
    കഥയ്ക്ക്‌ അനുയോജ്യമായ ഭാഷയും അവതരണവും. ആവശ്യമുള്ളത് മാത്രം എഴുതി. കഥ വളരെ നന്നായി.

    ReplyDelete
  3. ബിപിൻ സാർ,
    സാർ പറഞ്ഞതു പൂർണ്ണമായും ശരിയാണ്.എന്റെ കുഞ്ഞിനെയും നാളെ ആരെങ്കിലും ഇങ്ങനെ കണ്ടേക്കാം.പക്ഷേ ,പലപ്പോഴും കുഞ്ഞുങ്ങളുടെ മേൽ വയ്ക്കപ്പെടുന്ന നുകങ്ങൾ അവർക്കു താങ്ങാവുന്നതിലേറെയാണോ എന്നു സംശയം.അനിവാര്യതയാണെന്നറിയാം.എങ്കിലും ഒരു വിഷമം.
    വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.തരുന്ന പ്രോത്സാഹനത്തിൽ ഒത്തിരി സന്തോഷം.

    ReplyDelete
  4. എന്നാലും എന്റെ ഡോക്റ്ററേ, എന്റെ ഓരോ പൊട്ടാത്തരങ്ങൾ വായിക്കാൻ സമയം മെനക്കെടുത്തിയല്ലോ, കഷ്ടമായി. അതെന്തായാലും ഡോക്റ്റർമാർ ബ്ലോഗെഴുതുന്നത് നല്ലതാണ്. അത് മുറക്ക് നടക്കാൻ സമയം കിട്ടട്ടെ. എല്ലാ ആശംസകളും. 

    ആ സെൽഫോണിന്റെ കരച്ചിലെന്തായാലും മാറ്റണം; എന്തു നല്ല കോൾ റ്റ്യൂൺസ് ഇപ്പോഴുണ്ട് എന്ന് ഞാൻ പറയേണ്ടല്ലോ? ഒരെണ്ണം ഒപ്പിച്ചേക്കൂ.

    കുടുക്ക്, ട്രൗസർ എന്നൊക്കെയുള്ള വാക്കുകൾ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ. ഇമ്മാതിരി വാക്കുകളൊക്കെ മലയാളത്തിനു നഷ്ടം വന്നു കൊണ്ടിരിക്കയാണ്.

    എന്തായാലും കുഞ്ഞൻ പഠിക്കാൻ തുടങ്ങിയല്ലോ. അതു നന്നായി. വല്ല ഇഷ്ടികക്കളത്തിലും ചുമടെടുക്കാതെയും ഹോട്ടലിൽ ഇല പെറുക്കാതെയും രക്ഷപ്പെടട്ടെ.

    ReplyDelete
  5. ഇങ്ങോട്ടും വന്നല്ലോ.സന്തോഷായി.
    അതെ.എങ്ങനേലും രക്ഷപ്പെടട്ടെ!

    ReplyDelete
  6. ഇത് പോലെയുള്ള കുഞ്ഞന്മാരെ കാണുമ്പോൾ ഞാനും ഇങ്ങനെ ചിന്തിക്കാറുണ്ട്. പഠനവും അനുബന്ധ ഭാരങ്ങളും അനിവാര്യം തന്നെ. പക്ഷേ കടുകടുത്ത സിലബസും ആംഗലേയവും ആണോ ജീവിത വിജയം നിശ്ചയിക്കുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ആശംസകൾ.

    ReplyDelete
  7. ഡോക്ടറുടെ ബ്ലോഗെഴുത്ത് ഇഷ്ടമായി. ചുരുങ്ങിയ വാക്കുകളിൽ കുഞ്ഞന്റെ കഥ പറഞ്ഞു. എന്തായാലും കടുത്ത സിലബസ് ആയാലും,ഭാരമായാലും അവൻ പഠിക്കാൻ തുടങ്ങിയല്ലോ. ഇത്തിരി കഷ്ടപ്പെട്ടാലും അവൻ രക്ഷപെട്ടു കൊള്ളും. ആശംസകൾ

    ReplyDelete
  8. ഇവിടെ ആദ്യം ,,!ഇനിയും കാണാം ,,നല്ല ശൈലി

    ReplyDelete
  9. കൊച്ചുഗോവിന്ദ൯,ഗീതച്ചേച്ചി,സിയാഫ്ക്ക - നന്ദി.

    ReplyDelete
  10. ‘അവന്റെ ജിജ്ഞാസയ്ക്ക് ഇനി സിലബസിന്റെ അതിർത്തികൾ ഉണ്ടാവും.ഹോംവർക്കും അസൈന്മെന്റും അവന്റെ സായാഹ്നങ്ങളുടെ മേൽ നുകങ്ങൾ വയ്ക്കും. അവന്റെ പ്രഭാതങ്ങൾ പരക്കം പാച്ചിലുകളാവും.നാലു വർഷം കൂടി കഴിഞ്ഞാൽ,നിലവാരം വർദ്ധിപ്പിക്കാൻ മൂന്നാം ക്ലാസ്സു മുതൽ മലയാളം നിരോധിച്ച സ്കൂളിൽ മാതൃഭാഷ അവനു വിലക്കപ്പെട്ട കനിയായിരിക്കും.“

    ഇതൊക്കെയാണ് ഏവരുടേയും കണ്ണീൽ
    പെടതെ പോകുന്ന യഥാർത്ഥ പീഡനങ്ങൾ...!

    ReplyDelete
  11. സത്യം മുരളിയേട്ടാ !

    ReplyDelete
  12. ഈ നിരീക്ഷണം വളരെയിഷ്ടമായി....!!
    പച്ചപ്പും ജീവിതവും കണ്ടുകൊണ്ടുള്ള യാത്രകൾ വളരെ രസകരമല്ലേ....

    ReplyDelete
  13. കുഞ്ഞൻ ഉള്ള ആളാണെങ്കിലും അല്ലെങ്കിലും കുഞ്ഞനിലൂടെ പറയാൻ ശ്രമിച്ച കാര്യം നന്നായി വന്നിട്ടുണ്ട്‌.

    ReplyDelete
  14. കല്ലോലിനി:തീർച്ചയായും!വരവിനും,അഭിപ്രായത്തിനും വളരെ നന്ദി!വീണ്ടും വരണേ!

    സുധി:കുഞ്ഞൻ ശരിക്കുമുള്ള ആളല്ല.ഒരു കൊച്ചു കുട്ടി വല്യോരു ബാഗും താങ്ങിക്കൊണ്ടു പോണ കണ്ടപ്പൊ എഴുതിയതാ..ഒത്തിരി സന്തോഷം.

    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47