ആദ്യത്തെ കൊലപാതകം


മരണം മണക്കുന്ന ആ കുടുസ്സു മുറിയുടെ മൂലയിലെ കസേരയിൽ തളർന്നിരിക്കുമ്പോൾ ദേഹത്തു തെറിച്ച ചോര ഉണങ്ങിത്തുടങ്ങിയിരുന്നു.
ചുമരിലെ വിള്ളലുകളിൽ അവളുടെ പിടച്ചിലിന്റെ ശബ്ദം തങ്ങിനിൽപ്പുണ്ടോ എന്നു ഒരു നിമിഷം കാതോർത്തു.

കേൾക്കാനില്ല.

ജീവനെടുക്കുന്നത് നിസ്സാരമാണെന്നു ബീഡിമണം കട്ടപിടിച്ച വാക്കുകളിലൂടെ പറഞ്ഞതു സലാമാണ്.മുഖത്തമർത്തിപ്പിടിച്ച് പുറകോട്ടു വളച്ച കഴുത്തിനു കുറുകെ മൂർച്ചയുള്ള കത്തി കൊണ്ട് അമർത്തിയൊരു വര.ജീവനും മരണത്തിനും ഇടയ്ക്കുളള അതിർത്തി വര.അപ്പോൾ ചോര കുതിച്ചൊഴുകും.ഇടനെഞ്ചിൽ നിന്നുയരുന്ന ഓരോ നിലവിളിയും മുറിഞ്ഞ ശ്വാസനാളത്തിലൂടെ കാറ്റു മാത്രമായി പുറത്തു വരും.തുറന്നു കിട്ടിയ വാതിലിലൂടെ പുറത്തേക്കു കുതിക്കാൻ ഒരുമ്പെടുന്ന പ്രാണനെ ശരീരം കടന്നു പിടിക്കും.പിന്നെ ഒരു മൽപ്പിടുത്തമാണ്.
പിടച്ചിലുകൾ..
ഒടുക്കം ദേഹത്തിന്റെ ഒടുവിലത്തെ പിടിയും വിടുവിച്ച് അവസാന ശ്വാസത്തിനൊപ്പം പ്രാണൻ പടിയിറങ്ങുമ്പോഴേക്കും പിടച്ചിൽ നിന്നിരിക്കും.

വളരെ എളുപ്പം.

എന്നിട്ടും കൈ വല്ലാതെ വിറച്ചു.നെഞ്ച് വല്ലാതെ പിടച്ചു.

ഈ ദിവസം വരുമെന്ന് എനിക്കറിയാമായിരുന്നു.സലാമിന്റെ കൂടെയുള്ള ഒരോ നിമിഷവും ഞാനിതു ഭാവനയിൽ കണ്ടിട്ടുണ്ട്. എന്റെ ആദ്യത്തെ കൊലപാതകം.ഇന്നത്തെ ദിവസത്തിനായി പല നാളുകൾ കൊണ്ടു നെയ്ത ധൈര്യത്തിന്റെ ഒരു കുപ്പായം ഞാൻ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.പക്ഷേ ദേഹത്തേക്കു ചോര തെറിച്ച ഞെട്ടലിൽ കൈവിട്ടുപോയ കത്തിക്കൊപ്പം ആ കുപ്പായവും അഴിഞ്ഞുവീണു.

അവളെ കൊന്നത് ആരും എന്നോടു ചോദിക്കില്ല.ഒരു പോലീസുകാരനും എന്നെത്തേടി വരില്ല.ഒരു സംഘടനയും പ്രതിഷേധിക്കില്ല.
മാംസക്കൊതിയന്മാരാണ് എല്ലാം.
എന്തിന്,കടന്നു പിടിക്കുമ്പോൾ അവൾ പോലും കാര്യമായി എതിർത്തില്ല.സ്വന്തം വിധി സ്വീകരിച്ചിട്ടെന്ന പോലെ ദുർബലമായ ചില പുളച്ചിലുകളിലൊതുങ്ങി അവളുടെ പ്രതിരോധം.

നിമിഷങ്ങൾ ഇറ്റു വീഴുകയാണ്.

കയ്യുടെ വിറയൽ ഇനിയും അടങ്ങിയിട്ടില്ല.താഴെ വീണ കത്തി ഇനിയും എടുത്തിട്ടില്ല.പക്ഷേ ഈ ഇരിപ്പു പറ്റില്ല.എനിക്കു പണം തന്നയാൾ അക്ഷമനായിത്തുടങ്ങിയിട്ടുണ്ടാവും.പാതി മുറിഞ്ഞ കഴുത്തിൽ നിന്നും അവളുടെ തല വെട്ടി മാറ്റണം.നെഞ്ചുംകൂട് തകർക്കണം.വയറു പിളർന്നു കുടൽമാലയെടുക്കണം.അവളെ കഷണങ്ങളാക്കി പ്ലാസ്റ്റിക്‌ കൂടുകളിലാക്കണം.

കരുണ ചിക്കൻ സെന്ററിനുള്ളിലെ കാലിളകിയ കസേരയിൽ നിന്നും ഞാൻ എഴുന്നേറ്റു.

Comments

  1. ജ്യൂവൽ. ചിക്കൻ വാങ്ങാൻ പോയാൽ കടക്കാരനോട് വേണ്ട അളവ് പറഞ്ഞ ശേഷം അവിടന്ന് ഞാൻ പതിയെ മാറിക്കളയും. അയാൾ അതിനെ പിടിയ്ക്കുമ്പോഴും,കാലിൽ കുരുക്കിടുമ്പോഴും, ത്രാസിലേയ്ക്ക് തൂക്കാൻ തൂക്കി ഇടുമ്പോഴും ഉള്ള അതിൻറെ 'അയ്യോ അയ്യോ എന്ന രോദനം കേൾക്കാതിരിയ്ക്കാൻ........ ഇനി കഥയിലേയ്ക്ക്.

    ആദ്യത്തെ കൊലപാതകത്തിന്റെ ആത്മ സംഘർഷം അതി മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

    അവസാനത്തെ വരിയിൽ എത്തുമ്പോൾ ആണ് കാര്യം മനസ്സിലാകുന്നത്‌.

    പക്ഷേ വായിച്ചു കഴിയുമ്പോൾ, അവസാനം വരുന്ന ട്വിസ്റ്റിനു വേണ്ടി അത് വരെ യുള്ള കഥയിൽ ബോധ പൂർവ്വം തെറ്റിദ്ധരിപ്പിയ്ക്കൽ നടന്നു എന്ന് കാണാം. 'അവൾ' എന്ന സംബോധന ഉദാഹരണം. പശുവിനെയോ ആടിനെയോ അവൾ എന്ന് പറയാം. പക്ഷെ കോഴിയെ ഒരിയ്ക്കലും പറഞ്ഞു കേട്ടിട്ടില്ല. ''അവൾ എതിർത്തില്ല' എന്ന് എഴുതിയത് മറ്റൊരുദാഹരണം. ഒരു സ്ത്രീയെ ആണ് കൊന്നത് എന്ന പ്രതീതി ഉളവാക്കാൻ വേണ്ടി. ഇത് കഥയുടെ ഭംഗി കുറച്ചു. മാത്രവുമല്ല കഥ അവസാനം ഒരു ഹാസ്യ രീതി ആവുകയും ചെയ്തു. ചെറിയ കൊലപാതകം ആയാലും ഹാസ്യം വേണ്ടായിരുന്നു.

    കോഴി ആണ് കൊല ചെയ്യപ്പെട്ടത് എന്ന് കാണിയ്ക്കാനുള്ള അവസാനത്തെ വാചകം അൽപ്പം കൃത്രിമത്വം കലർന്നത് പോലെ തോന്നി. ചിക്കൻ സെൻറർ ഒഴിവാക്കി ''കൊന്നിട്ട കൂട്ടിൽ നിന്നും എടുത്ത് തൂവൽ പറിച്ചു തുടങ്ങി" എന്നോ മറ്റോ ആകുകയായിരുന്നു കൂടുതൽ ഭംഗി.

    കഥ നന്നായി.

    കഥയെക്കാളും വലിപ്പമുള്ള അഭിപ്രായം. അല്ലേ?

    ReplyDelete
  2. ബിപിൻ ചേട്ടാ,
    നമ്മൾ തമ്മിൽ ഇത്രയും പരിചയമായത് കൊണ്ടു അങ്ങനെ വിളിക്കാല്ലോ ല്ലേ..വിശദമായ അഭിപ്രായത്തിനു നന്ദി.സാധാരണ ബ്രോയിലെർ കോഴികൾ നിൽക്കാൻ പോലും ശേഷി ഇല്ലാത്തവയാണല്ലോ.കൊല്ലാൻ പിടിക്കുമ്പോൾ ഒന്നു കുതറാൻ പോലും കഴിയാത്തവ.അതുകൊണ്ടാണ് എതിർത്തില്ല എന്നു ചേർത്തത് .(നാടൻ കോഴിയെ കൊല്ലാൻ പിടിച്ചു നല്ല കൊത്ത് ഇമ്മിണി മേടിച്ചിട്ടുണ്ട് ).പിന്നെ തത്തമ്മ ,കുരുവി പെണ്ണ് എന്നൊക്കെ പറയുമ്പോലെ കോഴിയെ 'അവൾ ' ആക്കി നോക്കിയതാണ്.( കടകളിലെ ബ്രോയിലെർ
    കോഴികൾ പൊതുവേ പിടകളാണല്ലോ )
    കുറവുകൾ ചൂണ്ടിക്കാണിച്ചതിനു ഒത്തിരി നന്ദി.അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു.ഒത്തിരി സന്തോഷം .

    ReplyDelete
  3. ഹോ! മനുഷ്യനെ ടെൻഷനടിപ്പിച്ചു കളഞ്ഞു!
    നല്ല ട്വിസ്റ്റ്‌. ഐ ലൈക്കിറ്റ്‌!
    കോഴിയെ കൊല്ലുന്നത് എനിക്കും കണ്ടു നിൽക്കാനാവില്ല. പക്ഷേ, ആ പ്രാണന്റെ പിടച്ചിലിനെ കുറിച്ച് ഇതുപോലെ ഒരിക്കലും ചിന്തിച്ചിട്ടില്ല.
    ആൻഡ്‌ ദി ബെസ്റ്റ് വണ്‍ ഈസ്‌ ''കരുണ'' ചിക്കൻ സെന്റർ!

    ReplyDelete
  4. പറഞ്ഞാൽ വിശ്വസിക്കോ?ആ പേരിൽ ഒരു ചിക്കൻ സെന്റർ ഞാൻ ശരിക്കും കണ്ടിട്ടുണ്ട് !!!
    നന്ദി കൊച്ചുഗോവിന്ദാ!

    ReplyDelete
  5. പേടിപ്പിച്ചു കളഞ്ഞല്ലോ.
    ആകാംക്ഷ അവസാന വരി വരെ നിലനിര്‍ത്തിയ നല്ല ഭാഷ.

    ReplyDelete
  6. റാംജി സാർ,
    വായനയ്ക്കും,നല്ല വാക്കുകൾക്കും ഒത്തിരി നന്ദി .

    ReplyDelete
  7. ഹഹ. ചെറിയ സംശയം ഉണ്ടായിരുന്നു.

    എഴുത്ത് നന്നായി :)

    ReplyDelete
  8. പറയുന്നത് കോഴിക്കൊലയാണെങ്കിലും
    ഒരു കൊലയുടെ ഭീതി ജനിപ്പിച്ചു കഥ.
    മികച്ച തുടക്കം.. കുറച്ചു കൂടെ മികച്ചൊരവസാനവുമാവാമായിരുന്നു..

    ReplyDelete
  9. പറയുന്നത് കോഴിക്കൊലയാണെങ്കിലും
    ഒരു കൊലയുടെ ഭീതി ജനിപ്പിച്ചു കഥ.
    മികച്ച തുടക്കം.. കുറച്ചു കൂടെ മികച്ചൊരവസാനവുമാവാമായിരുന്നു..

    ReplyDelete
  10. ആകെ പേടിപ്പിച്ചു കളഞ്ഞല്ലോ?

    ReplyDelete
  11. ശ്രീ,ഗീതച്ചേച്ചി:വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി .
    ശ്രീജിത്തേട്ടൻ:വിലപ്പെട്ട നിർദ്ദേശങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.മെച്ചപ്പെടുത്താൻ ശ്രമിക്കാം.വളരെ നന്ദി .

    ReplyDelete
  12. വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു
    പിടയെ അവളാക്കി ഉദ്വേഗം ജനിപ്പിച്ചതാണ്
    ഈ കഥയുടെ വിജയം കേട്ടൊ ഡോ : ജ്യുവൽ ഭായ്

    ReplyDelete
  13. മുരളിയേട്ടാ : വളരെ നന്ദി !

    ReplyDelete
  14. നന്നായിട്ടുണ്ട്‌.

    കരുണചിക്കൻ സെന്റർ!!!!കലക്കി!!!
    നന്നായിട്ടുണ്ട്‌.

    തൊടുപുഴയിൽ ഒരു 'ഫൈനൽ ഡെസ്റ്റിനേഷൻ എയർ ട്രാവൽസ്‌' എന്നൊരു സ്ഥപനം ഉള്ള കാര്യം ഓർത്തു പോയി.

    ReplyDelete
  15. സുധി:'ഫൈനൽ ഡെസ്റ്റിനേഷൻ എയർ ട്രാവൽസ്‌' ?????അതുക്കും മേലെ!!!
    വീണ്ടും വരണം ട്ടോ ...

    ReplyDelete
  16. നല്ല രസമുണ്ട്‌ കേട്ടോ വായിക്കൻ.

    കല്ലോലിനി ലിങ്ക്‌ അയച്ച്‌ തന്ന് കയറിയതാണു.തുടരൻ പോസ്റ്റുകൾ പോന്നോട്ടേ.കഥ ചെയ്താൽ ഒരു മെയിൽ അയച്ചാൽ വേഗം വരാരുന്നു.

    ReplyDelete
  17. സത്യം പറയാമല്ലോ സുധീ എഴുത്തിന്റെ കാര്യത്തിൽ എനിക്കു തീരെ ആത്മവിശ്വാസം ഇല്ല.അതാണു പ്രധാന കാര്യം.എന്തെങ്കിലും എഴുതിയാൽ തന്നെ പോസ്റ്റ്‌ ചെയ്യാൻ പേടിയാണ്.പിന്നെ കൂടപ്പിറപ്പായ മടിയും ഉണ്ടെന്നു കൂട്ടിക്കോളൂ....നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി..കൂടുതൽ എഴുതാൻ ശ്രമിക്കാം.ഏതായാലും കല്ലൊലിനിക്കൊരു സ്പെഷ്യൽ നന്ദി പറയണം.
    പിന്നെ,ഒരു പുതിയ കഥ ഇട്ടിട്ടുണ്ട് ട്ടോ.

    ReplyDelete
  18. ഹാ ഹാ ഹാ.
    പേടിച്ചിട്ടും മടിച്ചിട്ടുമൊന്നും കാര്യമില്ല ജ്യൂവലേ...എന്റെ ബ്ലോഗ്‌ കണ്ടില്ലേ??ഇങ്ങനെയൊക്കെ ആരെങ്കിലും എഴുതുമോ??അതിൽ ഒരു കുന്തവുമില്ലെങ്കിലും ഞാൻ എഴുതുന്നില്ലേ??അത്രയൊക്കെ മതി.

    ഡോക്ടർക്ക്‌ നന്നായി എഴുതാനുള്ള കഴിവുണ്ട്‌.ഫേസ്ബുക്കിൽ കയറി സമയം കളയാതെ ലൈവ്ബ്ലോഗുകളിലൂടെ യാത്ര നടത്തൂ.മടിയൊക്കെ മാറും.

    ReplyDelete
  19. വായനക്കാരൻ സങ്കൽപ്പിച്ചുണ്ടാക്കുന്ന രേഖയിൽ നിന്ന് പെട്ടെന്ന് മറ്റൊരു ചാനലിലേക്ക് കഥയെ മാറ്റുന്ന വൈദഗ്ദ്ധ്യം ഇവിടെ കണ്ടു......

    ReplyDelete
  20. വളരെ നന്ദി മാഷേ.
    ഫോളോ ഓപ്ഷൻ ചേർത്തിട്ടുണ്ട്.

    ReplyDelete

  21. സൂപ്പർ മാഷേ ... :)

    ReplyDelete
  22. സ്വാഗതം ഷഹീം ഭായ്! വളരെ നന്ദി!

    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47