ദേശീയപാതകൾ സാധാരണ നിരത്തുകളെപ്പോലെയല്ല. ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് വെള്ളവരകളെപ്പറ്റിയായിരിക്കും. വിസ്താരം കൂടിയ റോഡിനെ പലതായി തിരിക്കുന്ന നെടുകനെയുള്ള വെള്ളവരകൾ. അല്ലെങ്കിൽ ഇടയ്ക്കുള്ള ടോൾ ബൂത്തുകളെപ്പറ്റിയായിരിക്കാം. അതോ ഉയർന്ന വേഗപരിധിയെയും ചീറിപ്പായുന്ന വാഹനങ്ങളെയും പറ്റിയാണോ? പക്ഷേ ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്. ഞാൻ പറയാൻ വന്നത്,അവിടെ ഓരോ വാഹനങ്ങളും ഓരോ തുരുത്തുകളാണ്. കളിയും, ചിരിയും,വാശിയും,ദേഷ്യവും എല്ലാമുള്ള സഞ്ചരിക്കുന്ന കൊച്ചു ലോകങ്ങൾ. ആ സഞ്ചാരങ്ങളിൽ,തങ്ങളുടേത് മാത്രമായ ആ ലോകങ്ങളിൽ നിന്നു പുറത്തു കടക്കാൻ പൊതുവേ ആർക്കും താത്പര്യമില്ല. പുറം കാഴ്ചകളിലേക്ക് കണ്ണെറിയില്ലെന്നല്ല,പക്ഷേ അതിനുമപ്പുറം ചുറ്റുമുള്ള സംഭവങ്ങളിലേക്ക് കയ്യും,മനസ്സും നീട്ടുന്നവർ എത്ര പേരുണ്ട്? ഒരുപക്ഷേ അവയ്ക്കു ചുറ്റും നിസ്സംഗതയുടെ കിടങ്ങുകളുണ്ടായിരിക്കും. മറികടക്കാനാവാത്ത വിധം വലിയവ. അവയ്ക്കപ്പുറത്തേക്കു നീട്ടാൻ അവരുടെ കൈകൾക്കു നീളം പോരായിരിക്കും. ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ. ദേശീയപാതയെപ്പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത്. കുറച്ചു കാലം മുൻപു വരെ കരുതിയിരുന്നതു നീളം കൂടി...