മോഹം

രാത്രികളിനിയും വരും. കറുത്തും, തുടുത്തും വരും.

നിലാവു വരും, നക്ഷത്രങ്ങളും വരും.

ഉഷ്ണവും, കുളിരും, വെയിലും, നിഴലും,
നനവും, നിറവും വരും.

നമ്മളിനിയും മാനം നോക്കിക്കിടക്കും.

നക്ഷത്രങ്ങൾ കൂട്ടിച്ചേർത്തിട്ടൊരു നൂറു ചിത്രങ്ങൾ മനസ്സിലും, മാനത്തും കോറിയിടും.

വെയിലിൽ ആവിയായി, കാറ്റിൽ ഗന്ധമായി അലയും.

എനിക്കറിയാം.

നാളെ നിൻ പട്ടടത്തീയണയും മുന്നേ,
ചുറ്റുമുള്ള കണ്ണുകളിലുടക്കാതെ കുതറി,
ഓടി ഞാൻ വരും.

എരിതീയിനുള്ളിൽ ആരോരുമറിയാതെ നമ്മൾ പൊട്ടിച്ചിരിക്കും, കെട്ടിപ്പിടിക്കും.

എനിക്കറിയാം. എങ്കിലും,

ചേതനയില്ലെങ്കിലും, ഞാനൊരുപാടു ചുംബിച്ച നിന്റെ ദേഹത്ത്

ഒരല്പനേരം കൂടി തലചായ്ച്ചിരിക്കാൻ, അതിനായി മാത്രം,

ഈ ആസ്പത്രി വാർഡിലെ ക്ലോക്കിന്റെ  സൂചികൾ തെല്ലൊന്നു പതുക്കെ ചലിച്ചെങ്കിൽ!!!

വെറുതെ ഒരു മോഹം മാത്രം.

Comments

  1. വെറുതെ ഒരു മോഹം മാത്രം....

    ReplyDelete
  2. സതി ഒന്നിനും ഒരു പരിഹാരമല്ല ട്ടാ.
    പിന്നേയ്
    ഫീൽ കിട്ടുന്നുണ്ട്.



    ReplyDelete
  3. ആഹാ.കൊള്ളാമല്ലോ.എഴുതുന്നുണ്ട്‌ അല്ലേ??

    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47