കള്ളന്റെ പട്ടി

കള്ളന്റെ പട്ടിയുടെ ഇടത്തേ തുടയിൽ ഉണങ്ങാത്ത ഒരു വ്രണമുണ്ടായിരുന്നു. അതിനു ചുറ്റും സദാസമയം ഈച്ചകൾ മൂളക്കത്തോടെ കൂട്ടമായി പറക്കും. പ്രായം ചെന്ന് പട്ടിയുടെ രോമങ്ങൾ മിക്കവാറും കൊഴിഞ്ഞിരുന്നു. അമ്പലത്തിനു തെക്കേവശത്തുള്ള വെറുംപറമ്പിലാണ് കള്ളനും പട്ടിയും കിടന്നിരുന്നത്. കള്ളനെന്ന പേരല്ലാതെ അയാൾ ഒരു മോഷണം നടത്തിയിട്ടു കാലങ്ങളായി.

അമ്പലത്തിനുള്ളിലെ ശ്രീകോവിലിലാണ് ദൈവം പാർത്തിരുന്നത്. ബലമേറിയ കല്ലും, കരിവീട്ടിയുടെ കാമ്പും കൊണ്ടുണ്ടാക്കിയ ശ്രീകോവിൽ മൊത്തം തങ്കം പൊതിഞ്ഞിരുന്നു. ഏഴാന പിടിച്ചാൽ പൊളിയാത്ത വാതിലിനും, എഴുപതു  കള്ളന്മാർ നോക്കിയും തുറക്കാത്ത പൂട്ടിനുമുള്ളിൽ ദൈവം സുരക്ഷിതനായിരുന്നു. 

കള്ളന്റെ പട്ടിക്കൊരു സ്വഭാവമുണ്ട്. പാതിരാത്രി വരെ നിർത്താതെ മാനം നോക്കി ഓരിയിടും. ഇതു പതിവായപ്പോൾ ദൈവത്തിന്റെ ഉറക്കം ശല്യപ്പെടുമെന്നു ഭയന്ന് പൂജാരിയും ഭക്തരും കള്ളനെയും പട്ടിയെയും ആട്ടിയോടിച്ചു.

ദൈവത്തിനാവട്ടെ, പട്ടിയുടെ ഓരിയില്ലാതെ ഉറക്കം വരില്ലായിരുന്നു. ഉറക്കം കിട്ടാതെ വലഞ്ഞ് അവസാനം ദൈവം പട്ടിയെ  അന്വേഷിച്ച് ശ്രീകോവിലിൽ നിന്നിറങ്ങിപ്പോയി. പട്ടിയെ കണ്ടെത്തി അമ്പലത്തിലേക്കു വരാൻ ആവശ്യപ്പെട്ടു. യജമാനനായ കള്ളനെ വിട്ടു വരില്ലെന്നു പട്ടി തീർത്തു പറഞ്ഞു. നിവൃത്തിയില്ലാതെ കള്ളനും പട്ടിയുമായി ദൈവം അമ്പലത്തിലെത്തി. കള്ളനും ദൈവവും ശ്രീകോവിലിനുള്ളിൽ. പട്ടി പുറത്ത്. ഓരി കേട്ടു ദൈവം അന്നു സുഖമായുറങ്ങി.

പിറ്റേന്നു രാവിലെ പുറത്തുനിന്നു പൂട്ടിയ ശ്രീകോവിലിനുള്ളിൽ കള്ളനെ കണ്ട പൂജാരി അതിശയിച്ചു. കള്ളൻ അവതാരം തന്നെ എന്നുറച്ചു ദൈവത്തിനു കൊണ്ടു വന്ന പാലും പഴവും കള്ളനെ ഊട്ടി. കള്ളന്റെ പ്രശസ്തി കാട്ടുതീപോലെ പടർന്നു. നാടായ നാട്ടിൽ നിന്നെല്ലാം മലയായ മലയും, പുഴയായ പുഴയും കടന്നു  കള്ളനെ കാണാൻ ആളുകളെത്തി. രാത്രിയും ഭക്തരുടെ തിരക്കായപ്പോൾ കള്ളൻ ശ്രീകോവിലിൽ തന്നെ താമസമാക്കി. പാലിനും പഴത്തിനും പുറമേ മാംസവും, മത്സ്യവും, മദ്യവും കള്ളൻ നിവേദ്യമായി ആവശ്യപ്പെട്ടു.

നിവേദ്യം തിന്നു കള്ളൻ തടിച്ചു ചീർത്തു. ശ്രീകോവിലിൽ ഇരിക്കാൻ സ്ഥലമില്ലാതെ ദൈവത്തിനു ശ്വാസം മുട്ടി. ഞെങ്ങി ഞെരുങ്ങി കഷ്ടപ്പെട്ടു.

മിനുമിനുത്ത വസ്ത്രങ്ങളും, തിളങ്ങുന്ന പണ്ടങ്ങളുമണിഞ്ഞപ്പോൾ കള്ളനു രോമം കൊഴിഞ്ഞ പട്ടി അലോസരമായിത്തുടങ്ങി. അതിന്റെ വ്രണത്തിന്റെ നാറ്റമടിച്ചു അയാൾക്ക്‌ ഓക്കാനം വന്നു. ഓരിയിടൽ കൊണ്ടു ഉറങ്ങാൻ പറ്റാതെയായി. ഭക്തരെ ശട്ടം കെട്ടി പട്ടിയെ അവിടെ നിന്നു ആട്ടിപ്പുറത്താക്കി. അന്നു രാത്രി ദൈവം അമ്പലത്തിന്റെ പടിയിറങ്ങി.

കാലക്രമേണ കള്ളനു വേരുകൾ മുളച്ചു. ശ്രീകോവിലിന്റെ അടിത്തറക്കുമപ്പുറത്തേക്കു അവ ആഴത്തിൽ പടർന്നു. കള്ളൻ അമ്പലത്തിലെ പ്രതിഷ്ഠയായി.

ദൈവവും പട്ടിയും കാടായ കാട്ടിലും, നാടായ നാട്ടിലും അലഞ്ഞു നടന്നു. ചുടുകാട്ടിലും വെളിമ്പറമ്പുകളിലും അന്തിയുറങ്ങി. രാത്രികളിൽ പൃഷ്ഠം മണ്ണിലമർത്തി മാനം നോക്കി മതിവരുവോളം പട്ടി ഓരിയിട്ടു. ദൈവം സുഖമായുറങ്ങി. 
 

Comments

  1. ങേ???ഇതെന്നാ വർഷങ്ങൾക്ക്‌ ശേഷം ഇങ്ങനെ???

    ReplyDelete
    Replies
    1. ഒരു ചെറിയ വനവാസം സുധി. പിന്നെ ഇപ്പൊ വീണ്ടും ഒരു കിറുക്ക്‌. കണ്ടതിൽ ഒത്തിരി സന്തോഷം!

      Delete
  2. ഏലിയാമ്മയിൽ വന്നു
    പക്ഷെ കള്ളന്റെ പട്ടിയെ ഇപ്പഴാ കണ്ടത്
    .സൂഫി കഥപോലുണ്ട്.
    വേരിറങ്ങി ഉറച്ചു പോയ കള്ളനെയും,പട്ടിക്കൊപ്പം
    ഊരു ചുറ്റുന്ന ദൈവത്തെയും കണ്ടു.
    സലാം

    ReplyDelete

Post a Comment

Popular posts from this blog

യക്ഷി

ദുഷ്ടൻ!

എൻ.എച്ച്. 47